ട്രംപിന്റെ താരിഫ് വർധന: വിമർശനവുമായി നിതിൻ ഗഡ്കരി
Monday, August 11, 2025 5:38 AM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ അമേരിക്കയുടെ താരിഫ് വർധനവിൽ വിമർശനവുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കയറ്റുമതിയും സമ്പദ്വ്യവസ്ഥയും മുന്നേറ്റം നടത്തിയാൽ ഇന്ത്യയ്ക്ക് ആരുടെയും പിന്നാലെ പോകേണ്ടിവരില്ല.
നമുക്ക് മികച്ച സാങ്കേതികവിദ്യയും വിഭവങ്ങളും ലഭിക്കുകയാണെങ്കിൽ നമ്മൾ ആരെയും ഭീഷണിപ്പെടുത്തില്ല. കാരണം ലോകത്തിന്റെ ക്ഷേമമാണ് ഏറ്റവും പ്രധാനമെന്ന് സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. ആഗോളതലത്തിൽ നമ്മൾ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ശാസ്ത്രവും സാങ്കേതികവിദ്യയുമാണെന്നും ഗഡ്കരി വ്യക്തമാക്കി. നാഗ്പൂരിലെ വിശ്വേശ്വരയ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (വിഎൻഐടി) സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കഴിഞ്ഞ ആറിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചില ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന ഉത്തരവിൽ ഒപ്പുവച്ചിരുന്നു. ഇതോടെ മൊത്തം താരിഫ് 50 ശതമാനമായി.
ഇതേത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര സംഘർഷങ്ങൾ വീണ്ടും രൂക്ഷമായതോടെയാണ് ഗഡ്കരിയുടെ പ്രസ്താവന.