തിരുവനന്തപുരം - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിംഗ്; പരാതിനൽകുമെന്ന് കെ.സി.വേണുഗോപാൽ
Monday, August 11, 2025 4:25 AM IST
ന്യൂഡൽഹി: എംപിമാർ ഉൾപ്പടെ സഞ്ചരിച്ച തിരുവനന്തപുരം - ഡൽഹി വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ. വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് സാങ്കേതികത്തകരാറുണ്ടെന്ന് അറിഞ്ഞത്.
ലാൻഡിങ്ങിനായി ഇറങ്ങുമ്പോൾ റൺവേയിൽ മറ്റൊരുവിമാനമുണ്ടെന്ന അറിയിപ്പുവന്നു. തുടർന്ന് തങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കുപറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്നമുണ്ടെന്നറിഞ്ഞു. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് തുണയായത്.
ചെന്നൈയിൽ ഇറങ്ങിയ ഉടൻ അധികൃതരെ വിളിച്ച് ശക്തമായഭാഷയിൽ പ്രതിഷേധമറിയിച്ചതായും ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
7.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 2455 വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടതെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.