വോട്ട് കൊള്ള ആരോപണം; രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധമിരമ്പും
Monday, August 11, 2025 3:29 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ ഇന്ത്യാ സഖ്യം പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യാ സഖ്യം മാർച്ച് നടത്തും.
രാവിലെ 11.30ന് പാർലമെന്റിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമടക്കം 300 ഓളം എംപിമാർ പ്രതിഷേധത്തിൽ അണിനിരക്കും. ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം പാർലമെന്റിനു പുറത്ത് ഇന്ത്യാ മുന്നണി നടത്തുന്ന ആദ്യ സംയുക്ത പരിപാടിയാണ് ഇന്നു നടക്കുന്ന പ്രതിഷേധ മാർച്ച്. "വോട്ട് ചോരി' എന്ന വിഷയത്തിൽ വിവിധ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരിക്കും പ്രതിഷേധം.
മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം മുപ്പത് പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എംപിമാരെയും കമ്മീഷൻ കാണണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.
വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗവും ഇന്ന് ചേരും.
വൈകുന്നേരം നാലരക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.