മലപ്പുറത്ത് റെയില്‍വെ ട്രാക്കിൽ ഇരുമ്പുകമ്പികള്‍; ഒഴിവായത് വൻ അപകടം, ഒരാള്‍ കസ്റ്റഡിയിൽ
Sunday, August 10, 2025 12:42 PM IST
മലപ്പുറം: തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി. കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിൽ തിരുനാവായ റെയില്‍വെ സ്റ്റേഷന് സമീപം ഇന്നു രാവിലെയാണ് സംഭവം. തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കിൽ കമ്പി കണ്ടെത്തിയത്.
കെട്ടിടാവശിഷ്ടങ്ങളുടെ ഭാഗമായ തുരുമ്പിച്ച കമ്പികളാണിവ. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് കമ്പി കണ്ടെത്തി ട്രാക്കിൽ നിന്ന് മാറ്റിയതിനാൽ വലിയ അപകടമൊഴിവായി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.