മക്കളുമായി യുവതി കിണറ്റില്‍ ചാടിയ സംഭവം: ചികിത്സയിലായിരുന്ന ആറുവയസുകാരൻ മരിച്ചു
Sunday, August 10, 2025 12:23 PM IST
കണ്ണൂര്‍: പരിയാരം ശ്രീസ്ഥയില്‍ രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മകന് ധ്യാന്‍ കൃഷ്ണ (ആറ്) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജൂലൈ 25ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഭർത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവതി കുട്ടികളുമായി കിണറ്റിൽ ചാടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൂന്നു പേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ധനജയ്ക്കൊപ്പം നാലുവയസുകാരിയായ മകളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
യുവതിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കി എന്ന ആരോപണത്തിലാണ് ഭര്‍തൃമാതാവിനെതിരേ കേസെടുത്തത്.