കുൽഗാം ഏറ്റുമുട്ടൽ ഒന്പതാം ദിനത്തിലേക്ക്; രണ്ടു സൈനികർക്കു വീരമൃത്യു
Sunday, August 10, 2025 7:17 AM IST
ചണ്ഡിഗഡ്: ജമ്മുകാഷ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്കു വീരമൃത്യു. അഖൽ വനമേഖലയിൽ തുടരുന്ന ഏറ്റുമുട്ടലിൽ പഞ്ചാബ് സ്വദേശികളായ ഹർമീന്ദർ സിംഗും (26) പ്രിത്പാൽ സിംഗുമാണു (28) ജീവത്യാഗം ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് ഇരുവർക്കും പരിക്കേറ്റത്. വനത്തിനുള്ളിലെ പല ഭാഗത്തുനിന്നും വെടിവയ്പുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ ഭീകരർ ഉള്ളിൽ ഉണ്ടെന്ന സംശയത്തിലാണു സുരക്ഷാ സേനകൾ. വനമേഖലയിൽ ഈ മാസം ഒന്നാംതീയതിയാണു ഭീകരർക്കായി തെരച്ചിൽ തുടങ്ങിയത്.
പിറ്റേന്ന് രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. പുൽവാമ സ്വദേശിയ ഹാരീസ് നസിർ ദർ ഉൾപ്പെടെയാണിത്. പഹൽഹാം ഭീകരാക്രമണത്തിനുശേഷം ഇയാൾ ഉൾപ്പെടെ ജമ്മുകാഷ്മീർ സ്വദേശികളായ 14 ഭീകരവാദികളെ കണ്ടെത്താൻ സുരക്ഷാസേന ശ്രമിച്ചുവരികയായിരുന്നു.
സൈനികനടപടിയിൽ ഒന്പതു സുരക്ഷാസേനാംഗങ്ങൾക്ക് ഇതുവരെ പരിക്കേറ്റു. പ്രത്യേക ദൗത്യസംഘവും ജമ്മു കാഷ്മീർ പോലീസും കരസേനയും സിആർപിഎഫും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഭീകരരെ തുടച്ചുനീക്കുംവരെ സൈനികനടപടി തുടരാനാണു സുരക്ഷാസേനകളുടെ തീരുമാനം.