മിഥുന്റെ വീട് എന്റെയും; ശിലാസ്ഥാപനം ഇന്ന്
Sunday, August 10, 2025 6:51 AM IST
കൊല്ലം: സ്കൂളിൽവച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് മിഥുന്റെ വീട് എന്റെയും എന്ന പേരിൽ ഭവന നിർമാണം നടത്തുന്നത്.
മന്ത്രി കെ.എൻ.ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്.
സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറുന്നതിനിടെയാണ് മിഥുന് വൈദ്യുതാഘാതമേറ്റത്. സംഭവത്തിൽ സ്കൂൾ എച്ച്എമ്മിനെയും തേവലക്കര സെക്ഷനിലെ ഓവർസിയറെയും സസ്പെൻഡ് ചെയ്തിരുന്നു.