ട്രാക്കുകൾക്ക് സമീപമുള്ള ആനകളെ തിരിച്ചറിയും; പുതിയ പരീക്ഷണവുമായി റെയിൽവേ
Sunday, August 10, 2025 2:46 AM IST
പാലക്കാട്: ട്രാക്കുകൾക്ക് സമീപമുള്ള ആനകളെ തിരിച്ചറിയാൻ പുതിയ പരീക്ഷണവുമായി റെയിൽവേ. കൊട്ടേക്കാട് - മധുക്കരൈ സെക്ഷനിൽ റെയിൽവേ ട്രാക്കുകളിൽ കാട്ടാനകൾ അതിക്രമിച്ചു കയറുന്നത് ആവർത്തിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണവുമായി റെയിൽവേ രംഗത്തെത്തിയത്.
വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനയെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. റെയിൽ ഈ മേഖലയിൽ സ്ഥാപിച്ച എലഫന്റ് ഇൻഡ്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ (ഇഐഡിഎസ്) പരീക്ഷണവും നടത്തി. കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള പരീക്ഷണം വിജയമാണെന്ന് റെയിൽവേ അറിയിച്ചു.
പുതിയ സംവിധാന പ്രകാരം ട്രാക്കിനരികിലേക്ക് കാട്ടാനകളെത്തിയാൽ ഉടൻ കൺട്രോൾ റൂമിൽ അലാം മുഴങ്ങും. തുടർന്ന് സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോ പൈലറ്റിനും ഡിവിഷൻ കൺട്രോൾ റൂമിലേക്കും സന്ദേശമെത്തും. പിന്നീട് മിന്നൽ വേഗത്തിൽ റെയിൽവേ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
കാട്ടാനകളെ പ്രതിരോധിക്കാനും ട്രാക്കിലെത്താതിരിക്കാനും എഐ സംവിധാനത്തോടെ റെയിൽവേ നിർമിക്കുന്ന എലഫന്റ് ഇൻഡ്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റമാണ് (ഇഐഡിഎസ്) കൊട്ടേക്കാട് - മധുക്കരൈ സെക്ഷനിൽ റെയിൽവേ നടപ്പാക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇതിനായി വാളയാറിലും പാലക്കാട് ഡിവിഷൻ ഓഫീസിലും ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് കൺട്രോൾ റൂം (ഡിഎസി) യൂണിറ്റ് സജീകരിച്ചിട്ടുണ്ട്.
മധുക്കര മുതൽ കൊട്ടേക്കാട് വരെയുള്ള 33 കിലോമീറ്ററിലാണ് ആനകളുടെ കടന്നുകയറ്റം കണ്ടെത്താനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. റെയിൽ ഫെൻസിംഗ്
, നിരീക്ഷണ ക്യാമറ, തെർമൽ ക്യാമറ, സോളാർ വേലികൾ, അടിപ്പാതകൾ, പ്രത്യേക അലാമുകൾ, സോളർ ലാമ്പുകൾ തുടങ്ങി കാട്ടാനകളെ പ്രതിരോധിക്കാൻ റെയിൽവേ നടപ്പാക്കിയ പല പദ്ധതികളും ഫലം കണ്ടിരുന്നില്ല.
തുടർന്നാണ് പുതിയ പരീക്ഷണം നടത്താൻ തീരുമാനിച്ചത്. പദ്ധതിക്കായി 15.42 കോടി രൂപ ചെലവുവരുമെന്നും റെയിൽവേ അറിയിച്ചു.