രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകുന്നില്ലെങ്കിൽ മാപ്പു പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, August 10, 2025 12:05 AM IST
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ മാപ്പു പറയണമെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ.
കർണാടകയിലെയും മഹാരാഷ്ട്രയിലെയും ചീഫ് ഇലക്ഷൻ ഓഫീസർമാർ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉൾപ്പെട്ട കത്ത് രാഹുലിന് അയക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്കണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു.
വോട്ടർ പട്ടിക തട്ടിപ്പ് മറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കള്ളനെ കാണിച്ചു കൊടുത്തിട്ടും കമ്മീഷൻ സത്യവാങ്മൂലം ചോദിക്കുകയാണെന്ന് രാഹുൽ പരിഹസിച്ചു.