കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Saturday, August 9, 2025 11:14 PM IST
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും കഴുത്തിൽ മുറിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴുത്തുഞെരിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ശനിയാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹോദരനും ഇവർക്കൊപ്പം താമസിച്ചിരുന്നു. ഇയാളെയും ഇവിടെ കാണുന്നില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇളയ സഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാർ മരിച്ചു എന്ന് പ്രമോദാണ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രണ്ടു മുറികളായി വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.