സി. സദാനന്ദൻ വധശ്രമക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് പി. ജയരാജൻ
Saturday, August 9, 2025 8:13 PM IST
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പി. ജയരാജന്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ ജയരാജൻ സന്ദര്‍ശിച്ചത്.
പ്രതികള്‍ക്ക് ആശംസ അറിയിച്ചെന്നും അസുഖമുള്ളവര്‍ക്ക് ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും ഇവരുടെ വീടുകളില്‍പോയി കുടുംബാംഗങ്ങളെയും കാണുമെന്നും ജയരാജന് പ്രതികരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ഉപദേശകസമിതി അംഗം കൂടിയാണ് ജയരാജൻ.
സുപ്രീം കോടതി ശിക്ഷിച്ച സഖാക്കളെ കണ്ടു. അവരില്‍ ചിലര്‍ അസുഖംബാധിച്ചവരാണ്. പാര്ക്കിന്സണ് രോഗം ബാധിച്ച രവീന്ദ്രന് അടക്കമുള്ളവരുണ്ട്. അവര്‍ക്ക് ആവശ്യമായ ചികിത്സാസംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ജയരാജന് വിശദീകരിച്ചു.
നിലവില്‍ രാജ്യസഭാംഗമായ സി. സദാനന്ദനെ 1994 ജനുവരി 25-ന് രാത്രി വധിക്കാന്‍ശ്രമിച്ച സംഭവത്തില്‍ പ്രതികളായ എട്ട് സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങിയത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെയാണ് ഇവര്‍ കോടതിയിലെത്തി കീഴടങ്ങിയത്.