സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശൂരിൽ താമസിച്ചു; ആരോപണവുമായി ഡിസിസി പ്രസിഡന്റ്
Saturday, August 9, 2025 6:06 PM IST
തൃശൂർ: തൃശൂരിലെ വോട്ട് ക്രമക്കേട് ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എംപിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശൂരിൽ താമസിച്ചു. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ വോട്ട് ചേർത്തതെന്നും ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്ഥാനാർഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നുള്ളതാണ് തെളിവുകൾ ശരിവക്കുന്നത്. സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെ വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശൂരിൽ ചേർത്തു.
116 എന്ന പോളിംഗ് സ്റ്റേഷനിൽവച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. ഭാരത് ഹെറിറ്റേജ് വീട് ഇപ്പോൾ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പർ പരിശോധിച്ചാൽ സുരേഷ് ഗോപിക്കോ കുടുംബാംഗങ്ങൾക്കോ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ഇല്ല. ഇത് തന്നെയാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.