ദേശീയപാത 66 സമയബന്ധിതമായി തീർക്കണം: മന്ത്രി മുഹമ്മദ് റിയാസ്
Friday, August 8, 2025 11:34 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ദേശീയപാത പ്രവൃത്തി അവലോകനം ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർക്കി നിർദേശം നൽകി.
പ്രവൃത്തികൾക്കു സമയക്രമം നിശ്ചയിക്കുകയും നിശ്ചയിച്ച സമയത്തിനകം പവൃത്തികൾ പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. മികവുറ്റ രീതിയിലാകണം നിർമാണം നടക്കേണ്ടത്. നിലവിൽ പ്രവൃത്തി പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാത്ത ഇടങ്ങളിൽ എൻഎച്ച്എഐ റീജണൽ ഓഫീസർ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കണം.
ഈ സ്ട്രെച്ചുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. മഴക്കാലമാണെങ്കിലും പ്രീകാസ്റ്റിംഗ് പോലുള്ള പ്രവൃത്തി ഈ സമയത്ത് നടത്താനാകും. പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.