അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റ താൽപര്യങ്ങൾക്കും ദേശീയ സമ്പദ്വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി
Friday, August 8, 2025 10:08 PM IST
തിരുവനന്തപുരം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ അധിക ചുങ്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിന്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി താരിഫ് യുദ്ധത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിനുശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം, തൊഴിലവസരങ്ങൾ, കയറ്റുമതിവിപണി എന്നിവ നേരിട്ട് ബാധിക്കപ്പെടും. ഈ വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതാണെന്നും രാജ്യം ഒറ്റക്കെട്ടായി അമേരിക്കൻ നിലപാടിനെ എതിർക്കേണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു.
ഡോണാൾഡ് ട്രംപ് സ്വീകരിച്ച അധിക ചുങ്കനടപടികൾ കേരളത്തിന്റെ പ്രധാന കയറ്റുമതി മേഖലകളായ ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, കശുവണ്ടി, കയർ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക സമ്മർദ്ദത്തേക്കാൾ ഗുരുതരമായ തിരിച്ചടിയാണ് താരിഫ് യുദ്ധത്തിലൂടെ ഉണ്ടാകാൻ പോകുന്നത്.
അതിനൊപ്പം, തീരുവ കുറക്കുന്ന രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സര സമ്മർദ്ദം സൃഷ്ടിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.