ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തുവയസുകാരി മരിച്ചു
Friday, August 8, 2025 8:01 PM IST
കാഞ്ഞങ്ങാട്: ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറാ ചെല്ലനാണ് (10) മരിച്ചത്. ദാദർ-തിരുനെൽവേലി എക്സ്പ്രസിൽ ജനറൽ കന്പാർട്ട്മെന്റിൽ അമ്മയോടൊപ്പം യാത്രചെയ്യുന്നതിനിടെ കാഞ്ഞാങ്ങാട് റെയിൽവേ സ്റ്റേഷനിൽവച്ചാണ് സംഭവം. മുംബൈ രോഹയിൽനിന്ന് മധുരയിലേക്കായിരുന്നു ഇവരുടെ യാത്ര.
വേറൊരു വണ്ടിക്ക് കടന്നുപോകാനായി കാഞ്ഞാങ്ങാട് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട സമയത്താണ് മറ്റ് യാത്രക്കാർ ഇടപെട്ട് അബോധാവസ്ഥയിലായ കുട്ടിയെ സ്റ്റേഷനിൽ ഇറക്കിയത്. വായിലൂടെ രക്തം വന്ന കുട്ടിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
റെയിൽവേ ഉദ്യോഗസ്ഥരും ഹൊസ്ദുർഗ് പോലീസും ആശുപത്രിയിലെത്തി അമ്മയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മുംബൈയിൽ താമസിച്ചുവരുന്ന ഇവർ കുട്ടിയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് വരികയായിരുന്നെന്ന് അമ്മ വെളിപ്പെടുത്തി.
മുംബൈയിലെ ആശുപത്രിയിൽ കുട്ടിയെ പ്രമേഹരോഗത്തിന് ചികിത്സിച്ചതിന്റെ രേഖകൾ അമ്മ പോലീസിനെ കാണിച്ചു.