പേരാമ്പ്രയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ
Friday, August 8, 2025 7:15 PM IST
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം. സംഭവത്തിൽ മകൻ ലിനീഷിനെ (42) പോലീസ് കസ്റ്റഡിയിൽ എടുത്തു. പത്മാവതി അമ്മ (65)ആണ് കൊല്ലപ്പെട്ടത്.
മദ്യ ലഹരിയിൽ അമ്മയുടെ സ്വർണം ആവശ്യപ്പെട്ടുള്ള തർക്കത്തിനിടെ മർദിക്കുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടതിനെതുടർന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് സംഭവ ദിവസം പ്രതി പോലീസിനോട് പറഞ്ഞിരുന്നത്.
പേരാമ്പ്രയിലെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽവച്ചാണ് വീട്ടമ്മ മരണപ്പെട്ടത്. ഇതേതുടർന്ന് നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ തെളിവുകൾ നിരത്തി പേരാമ്പ്ര പോലീസ് ചോദ്യം ചെയ്തപ്പോളാണ് കൊലപാതകമാണെന്ന് പ്രതി സമ്മതിച്ചത്.