യുഎസ് ആയുധങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്രം
Friday, August 8, 2025 6:49 PM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ അമേരിക്കയിൽ നിന്നുള്ള ആയുധങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്ത പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
പുതിയ യുഎസ് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതികൾ ഇന്ത്യ നിർത്തിവച്ചതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. യുഎസുമായുള്ള പ്രതിരോധ വാങ്ങലുകളുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യ നിർത്തിവച്ചതായി വന്ന വാർത്തകൾ തെറ്റാണ്. ആയുധങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഓഗസ്റ്റ് ആറിനാണ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി. തീരുവ കൂട്ടിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ട്രംപിന്റെ പ്രകോപനത്തിനു കാരണം.