യുഎസിൽനിന്നും ആയുധങ്ങൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്ന് ഇന്ത്യ പിൻമാറുന്നതായി റിപ്പോർട്ട്
Friday, August 8, 2025 6:31 PM IST
ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കത്തിനിടെ യുഎസില്‍നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്തയാഴ്ച വാഷിംഗ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കിയതായി ഏതാനും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് ആറിനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി. തീരുവ കൂട്ടിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ട്രംപിന്റെ പ്രകോപനത്തിനു കാരണം.