വോട്ട് തിരിമറി: രാഹുൽ സത്യവാങ്മൂലം നൽകണം, അല്ലെങ്കിൽ മാപ്പുപറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Friday, August 8, 2025 6:00 PM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലുമടക്കം വൻതോതിലുള്ള തെരഞ്ഞെടുപ്പു തട്ടിപ്പ് നടന്നതായുള്ള പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
പരാതികൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലാത്തപക്ഷം രാജ്യത്തോട് മാപ്പ് അപേക്ഷിക്കുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
കർണാടകയിലെയും മഹാരാഷ്ട്രയിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർമാർ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉൾപ്പെട്ട കത്ത് രാഹുലിന് അയക്കുകയും ആവശ്യമായ നടപടികൾ ആരംഭിക്കുന്നതിനായി ഇത് ഒപ്പിട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2024ൽ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 സീറ്റുകളേ മോഷ്ടിക്കേണ്ടിവന്നുള്ളൂവെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ 33,000ത്തിൽ താഴെ വോട്ടുകൾക്ക് 25 സീറ്റുകൾ ബിജെപി നേടിയെന്നും എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചിരുന്നു.