ഇന്ത്യയ്ക്ക് തിരിച്ചടി: വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
Wednesday, August 6, 2025 8:15 PM IST
വാഷിംഗ്ടൺ: ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ വീണ്ടും ഉയർത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുവ പ്രാബല്യത്തിൽ വരും.
ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുസംബന്ധിച്ച ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 30നാണ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റി അയക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനമുണ്ടായത്.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
ഇതോടെയാണ് ട്രംപ് താരിഫ് 50% ആയി ഉയർത്തിയത്. ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായിട്ടും ഉയർന്ന തീരുവ മൂലം വളരെ കുറച്ചു വ്യാപാരമേ അമേരിക്കയ്ക്ക് നടത്താൻ കഴിഞ്ഞുള്ളുവെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഇറക്കുമതിത്തീരുവ നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണ്.
അതിനാൽ ഇന്ത്യ - യുഎസ് വ്യാപാരത്തിൽ തന്റെ രാജ്യത്തിന് 4570 കോടി ഡോളറിന്റെ കമ്മിയുണ്ടന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനു തടസമായി നിൽക്കുന്നതു തീരുവയാണെന്നു ട്രംപ് തുറന്നടിച്ചിരുന്നു.