കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ജയം
Wednesday, August 6, 2025 5:55 PM IST
കണ്ണൂർ: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ജയം. അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. നന്ദജ് ബാബുവിനെ യൂണിയൻ ചെയർപേഴ്സനായും എം.ദില്‍ജിത്ത്, അല്‍ന വിനോദ് എന്നിവരെ വൈസ് ചെയര്‍പേഴ്സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി കെ.അധിഷയും വിജയിച്ചു.
തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. കണ്ണൂര്‍ എക്സിക്യൂട്ടീവിൽ എസ്എഫ്ഐയും കാസര്‍ഗോഡ് വയനാട് ജില്ലാ എക്സിക്യൂട്ടീവിൽ യുഡിഎസ്എഫ് സ്ഥാനാർഥി വിജയിച്ചു. തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ എസ്എഫ്ഐ - യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി.
വോട്ട് രേഖപ്പെടുത്താനെത്തിയ എംഎസ്എഫ് സ്ഥാനാർഥിയുടെ ബാഗും പേപ്പറും എസ്എഫ്ഐ സ്ഥാനാർഥി തട്ടിപ്പറിച്ചുകൊണ്ട് ഓടിയതോടെ വീണ്ടും സംഘർഷമുണ്ടായി. പിന്നീട് പോലീസ് എസ്എഫ്ഐ പ്രവർത്തകയായ സ്ഥാനാർഥിയെ പിടികൂടുകയായിരുന്നു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെത്തി ഇവരെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വിട്ടുകൊടുക്കാൻ തയാറാകാതെ വന്നതോടെ വീണ്ടും സംഘർഷമുണ്ടായി.
സംഘർഷത്തിൽ എസ്എഫ്ഐ - യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരും പോലീസും തങ്ങളെ മർദിച്ചെന്ന് യുഡിഎസ്എഫ് പ്രവർത്തകർ ആരോപിച്ചു.