കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ലാത്തിവീശി പോലീസ്
Wednesday, August 6, 2025 2:36 PM IST
കണ്ണൂർ: സർവകലാശാല യുണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ചെടിച്ചട്ടിയും ഹെൽമറ്റും വടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസിനു നേരെയും ആക്രമണമുണ്ടായതോടെ ഇവരെ പിരിച്ചുവിടാൻ പോലീസ് പലതവണ ലാത്തി വീശി. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
സംഘർഷത്തിനിടെ എസ്എഫ്ഐ സ്ഥാനാർഥിയായ വിദ്യാർഥിനി വോട്ടു ചെയ്യാനെത്തിയ മറ്റൊരു വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പും തട്ടിപ്പറിച്ചോടിയെന്ന് ആരോപണമുയർന്നു. പോലീസ് ഈ പെൺകുട്ടിയെ തടഞ്ഞുവച്ചു. എന്നാൽ അകാരണമായാണ് വിദ്യാർഥിനിയെ തടഞ്ഞുവച്ചതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ആരോപിച്ചു.
വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ എസ്എഫ്ഐ തടഞ്ഞുവെന്ന് കെഎസ്യു ആരോപിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച എസ്എഫ്ഐ യുഡിഎസ്എഫ് കള്ളവോട്ടിന് ശ്രമിച്ചെന്ന് ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
പോലീസ് എസ്എഫ്ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും പരാതി ഉയർന്നു. ലാത്തിച്ചാർജിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരും പോലീസും മർദിച്ചെന്ന് യുഡിഎസ്എഫ് പ്രവർത്തകരും ആരോപിക്കുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് യൂണിവേഴ്സിറ്റി പരിസരത്തുണ്ടായിരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്.