കോൺഗ്രസ് പുനഃസംഘടന; ഇന്നു ധാരണയായേക്കും
Wednesday, August 6, 2025 4:22 AM IST
ന്യൂഡൽഹി: കെപിസിസി, ഡിസിസി പുനഃസംഘടനാ പട്ടികയ്ക്ക് ഇന്നു വൈകുന്നേരത്തോടെ ധാരണയായേക്കും. ഒന്‍പത് ജില്ലകളിലെങ്കിലും പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയോഗിക്കാനാണു നേതാക്കൾക്കിടയിലെ ഏകദേശ ധാരണ. ഡൽഹിയിൽ ചൊവ്വാഴ്ച രാത്രി നടന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ പുതിയ പിസിസി, ഡിസിസി ഭാരവാഹികളുടെ കാര്യത്തിൽ ഇന്നാകും അന്തിമതീരുമാനമെടുക്കുക.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ എന്നിവരും കോണ്‍ഗ്രസിന്റെ കേരളത്തിൽനിന്നുള്ള എംപിമാരുമാണ് ചൊവ്വാഴ്ച പലഘട്ടങ്ങളിലായി ആശയവിനിമയം നടത്തിയത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ടെലിഫോണിലും നേരിട്ടും മിക്ക നേതാക്കളുമായി സംസാരിച്ചു. രാത്രി വൈകിയും നേതാക്കൾ കൂടിയാലോചന തുടർന്നു. കേരളത്തിൽനിന്നെത്തിയ നേതാക്കൾ ഇന്നുകൂടി ഡൽഹിയിൽ തങ്ങി പുനഃസംഘടനയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണു ധാരണ.
തൃശൂർ, മലപ്പുറം, കണ്ണൂർ, എറണാകുളം ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിനെതിരേ പലതലത്തിൽ സമ്മർദങ്ങളുണ്ട്. തൃശൂരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ അധ്യക്ഷനായി നിയമിച്ച അഡ്വ. ജോസഫ് ടാജറ്റ് തുടരുന്നതിൽ ഏതാണ്ട് യോജിപ്പുണ്ട്. മലപ്പുറത്ത് അഡ്വ. വി.എസ്. ജോയി തുടരണമെന്നതിലും കാര്യമായ അഭിപ്രായവ്യത്യാസമില്ല.
കണ്ണൂരിൽ അഡ്വ. മാർട്ടിൻ ജോർജിനെ മാറ്റുന്നതിനോട് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിർപ്പുണ്ട്. എറണാകുളത്ത് മുഹമ്മദ് ഷിയാസ് തുടരട്ടേയെന്നു വി.ഡി. സതീശൻ അടക്കമുള്ളവർ താത്പര്യപ്പെടുന്നതായാണു റിപ്പോർട്ട്. മറ്റു മൂന്ന് ഡിസിസി പ്രസിഡന്റുമാർക്കുവേണ്ടിയും എംപിമാർ അടക്കമുള്ള നേതാക്കൾ രംഗത്തുണ്ട്.
എന്നാൽ തൃശൂർ ഒഴികെ എല്ലാ ഡിസിസികളിലും പുതുനേതൃത്വം വേണമെന്ന് നിരവധി നേതാക്കൾ ചർച്ചകളിൽ ആവശ്യപ്പെട്ടു. കെപിസിസിയിലെ ഒഴിവുകൾ നികത്തുന്പോൾ നിലവിൽ ഡിസിസി പ്രസിഡന്റുമാരായിരുന്നവർക്കാകും മുൻതൂക്കം. എന്നാൽ ഡിസിസികളിൽ മികച്ച പ്രവർത്തനം നടത്തിയ ജനറൽ സെക്രട്ടറിമാർക്കും സംസ്ഥാന കമ്മിറ്റിയിൽ പദവികൾ നൽകണമെന്നും നിർദേശമുണ്ട്.
തെരഞ്ഞെടുപ്പുകളിൽ ജയസാധ്യത ഉറപ്പാക്കാൻ കഴിയുന്ന പൊതുസ്വീകാര്യതയുള്ള നേതാക്കളെയാകും ഭാരവാഹികളാക്കുക. ഇതിനായി ചില പൊതുമാനദണ്ഡങ്ങളും ഡൽഹി ചർച്ചകളിൽ ധാരണയായിട്ടുണ്ട്.