ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഓഗസ്റ്റ് 11ന് ന്യൂഡൽഹിയിൽ തുറക്കും
Tuesday, August 5, 2025 9:02 PM IST
ന്യൂഡൽഹി: യുഎസ് കാർ നിർമാതാക്കളായ ടെസ്ല ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഷോറൂം ന്യൂഡൽഹിയിൽ തുറക്കുന്നു. ഓഗസ്റ്റ് 11ന് ഇന്തിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഏയ്റോസിറ്റിയിലെ വേൾഡ്മാർക്ക്-3 കെട്ടിടത്തിലാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ സെന്റർ തുറക്കുന്നത്.
മുംബൈയിൽ ആദ്യത്തെ ടെസ്ല എക്സ്പീരിയൻസ് സെന്റർ തുറന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ രണ്ടാമത്തെ സെന്റർ തുറക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചതായും ടെസ്ല അറിയിച്ചു.
ഷോറൂം ഉദ്ഘാടനത്തോടൊപ്പം ഇടത്തരം എസ്യുവിയായ ‘മോഡൽ വൈ’യുമായാണ് ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ ആദ്യം പ്രവേശിക്കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു. വലിയ ഇറക്കുമതി തീരുവകളോടെ കാർ പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റായാണ് എത്തുന്നത്. ടെസ്ല തങ്ങളുടെ വാഹന കമ്പാനിയൻ ആപ്പായ ടെസിയും ഐഒഎസിൽ പുറത്തിറക്കി.
58.89 ലക്ഷം എക്സ് ഷോറൂം വിലയിലാണ് ടെസ്ല ‘മോഡൽ വൈ’യുടെ റിയർ വീൽ ഡ്രൈവ് വേരിയന്റ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ലോംഗ് റേഞ്ച് റിയർ വീൽ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷമാണ് എക്സ് ഷോറൂം വില. പുറമെ സ്റ്റെൽത്ത് ഗ്രേയിലും ഉള്ളിൽ കറുപ്പ് നിറത്തിലുമാണ് വാഹനം ലഭ്യമാകുന്നത്. ഉപഭോക്താക്കൾക്ക് ഇഷ്ടത്തിനനുസരിച്ച് നിറം മാറ്റുന്നതിന് 95,000 മുതൽ 1.85 ലക്ഷം വരെ അധികമായി പണം നൽകണം.