ദിനോസർ പല്ലുകളിൽനിന്ന് ചരിത്രാതീത കാലത്തെ കാർബൺഡൈഓക്സൈഡിനെപ്പറ്റി പഠനം നടത്തി ഗവേഷകർ
Tuesday, August 5, 2025 6:58 PM IST
ബെർലിൻ: ദിനോസർ പല്ലുകളിൽനിന്ന് പുനർനിർമിച്ച വായു ഉപയോഗിച്ച് ചരിത്രാതീത കാലത്തെ കാർബൺഡൈഓക്സൈഡിന്റെ അളവിനെപ്പറ്റി പഠനം നടത്തി ഗവേഷകർ. ഫോസിലൈസ് ചെയ്ത ദിനോസർ പല്ലുകളിലെ ഇനാമലിൽനിന്ന് ഓക്സിജൻ ഐസോടോപ്പ് അനുപാതങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. പുരാതന അന്തരീക്ഷത്തിന്റെ അടയാളങ്ങൾ പല്ലിൽ സംരക്ഷിച്ചിട്ടുള്ളതാനാൽ ദിനോസറുകൾ ഭൂമിയിലുണ്ടായിരുന്ന മെസൊസോയിക് കാലഘട്ടത്തിലെ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് മനസിലാക്കാനാണ് ഗവേഷകർ ഈ ഐസോടോപ്പുകളെപ്പറ്റി പഠനം നടത്തിയത്.
ആ സമയത്ത് കാർബൺഡൈഓക്സൈഡിന്റെ അളവ് വളരെ കൂടുതലായിരുന്നു. ജുറാസിക് കാലഘട്ടത്തിന്റെ അവസാനത്തിൽ കാർബൺഡൈഓക്സൈഡിന്റെ സാന്ദ്രത 1,200 പാർട്സ് പെർ മില്യണിലേക്കും ഇതിനുശേഷമുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ 750 പാർട്സ് പെർ മില്യണിലേക്കും എത്തി. ഇന്നത്തെ അന്തരീക്ഷത്തിൽ കാർബൺഡൈഓക്സൈഡിന്റെ അളവ് ഏകദേശം 430 പാർട്സ് പെർ മില്യണാണ്.
150 ദശലക്ഷം വർഷങ്ങൾക്ക് ശേഷവും ദിനോസർ ശ്വസിച്ച മെസൊസോയിക് അന്തരീക്ഷത്തിലെ ഓക്സിജൻ തന്മാത്രകളുടെ ഐസോടോപ്പ് അടയാളങ്ങൾ ഇപ്പോഴും ഫോസിൽ പല്ലിന്റെ ഇനാമലിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ പുരാതന അന്തരീക്ഷ ഘടനയെയും ആഗോള ഫോട്ടോസിന്തറ്റിക് ബയോമാസ് ഉത്പാദനത്തെയും കുറിച്ച് ചിലത് പറയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ഈ പുതിയ സമീപനത്തിലൂടെ ചരിത്രാതീത കാലത്തെ അന്തരീക്ഷത്തിലേക്കും ഭൂമിയുടെ കാലാവസ്ഥാ ചരിത്രത്തിലേക്കും പുതിയ വെളിച്ചം വീശുമെന്ന് ജർമനിയിൽനിന്നുള്ള ഗവേഷകർ പഠനത്തിൽ വ്യക്തമാക്കി.