ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു: വി.ഡി. സതീശൻ
Tuesday, August 5, 2025 5:42 PM IST
തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ ദിവസം കഴിയും തോറും വർധിച്ചു വരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 834 ആക്രമണങ്ങളാണ് ഒരു വർഷത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 2023ൽ തന്നെ ഇത് പറഞ്ഞതാണെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ സംഘപരിവാറിന്റെ തനിനിറം എല്ലാവർക്കും മനസിലായല്ലോയെന്നും സതീശൻ ചോദിച്ചു.
ബിജെപി ഇടപെട്ടിട്ടാണ് കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതെന്നാണ് പറയുന്നത്. എന്നാൽ കോടതിയാണ് ജാമ്യം നൽകിയത്. വിഷയത്തിൽ ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടില്ല എന്നുള്ളത് തെറ്റായ പ്രചാരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂപേഷ് ബാഗേൽ ജയിലിൽ പോയി കന്യാസ്ത്രീകളെ കണ്ടു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ അവിടെ എത്തി സഹായം ചെയ്തുവെന്നും സതീശൻ പറഞ്ഞു..