ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി, നിരവധി പേരെ കാണാതായി
Tuesday, August 5, 2025 3:33 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വൻ മേഘ വിസ്ഫോടനത്തിനു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ട്. 50 ലേറെ പേരെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരകാശി ജില്ലയിലെ ധാരാളി ഗ്രാമത്തിലെ ബഹുനില കെട്ടിടങ്ങളും വീടുകളും ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്. ഖീര്‍ ഗംഗാ മേഖലയില്‍ ശക്തമായ മേഘവിസ്ഫോടനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തിയതോടെ ബഹുനിലക്കെട്ടിടങ്ങൾ നിലംപൊത്തി. 12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയതായാണ് വിവരം. പോലീസും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് സന്നദ്ധ സംഘങ്ങളും മേഖലയിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായി ഉത്തരകാശി പോലീസ് അറിയിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ തേടി.