റെഡ് അലർട്ടിനു പിന്നാലെ ദുരിതം വിതച്ച് മഴ; കൊച്ചിയിലും തൃശൂരിലും വെള്ളക്കെട്ട്
Tuesday, August 5, 2025 12:25 PM IST
കൊച്ചി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. പുലർച്ചെ മുതൽ പെയ്ത മഴ വിവിധ ജില്ലകളിൽ ദുരിതം വിതച്ചു. ഇന്ന് റെഡ് അലർട്ടുള്ള എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് മഴ കൂടുതൽ നാശംവിതച്ചത്.
കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴയിൽ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിൽ താഴ്ന്ന മേഖലകളിൽ വെള്ളംകയറി. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശേരിയില്‍ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
കോട്ടയത്തും ഇടുക്കിയിലും തൃശൂരിലും കനത്ത മഴയാണ് അനുഭവപ്പെടുന്നുത്. ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ജംഗ്ഷന് സമീപമുള്ള വീടുകളില്‍ വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മണ്ണാര്‍ക്കാട്, അലനല്ലൂര്‍ മേഖലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുന്നു.
ഇടുക്കിയിൽ ലോറേഞ്ചിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.