നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരേ സാന്ദ്ര തോമസ് കോടതിയിലേക്ക്
Tuesday, August 5, 2025 11:04 AM IST
കൊച്ചി: നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിന്റെ പത്രികയാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയത്.
പത്രിക തള്ളിയതിനെ സാന്ദ്ര തോമസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും വാക്കേറ്റവും ബഹളവും ഉണ്ടായി. തന്നോട് കാണിച്ചത് അനീതിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര പ്രതികരിച്ചു.
ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ്. പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രിക പരിഗണിക്കുന്നതിനിടയിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സാന്ദ്ര തോമസ് കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.
നിര്‍മാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറില്‍ രണ്ടു സിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര വരണാധികാരികള്‍ക്ക് മുന്നില്‍ വ്യക്തമാക്കുകയുണ്ടായി.