പണത്തിന്റെ കാര്യത്തില്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ തെറ്റെന്താണ്? അടൂരിനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
Tuesday, August 5, 2025 10:58 AM IST
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന പണത്തിന്റെ കാര്യത്തില്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ തെറ്റെന്താണെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു.
നവാഗതര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി രൂപ കെഎസ്എഫ്ഡിസി നല്കുമ്പോള് സുതാര്യത വേണമെന്ന അടൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടൂര്‍ പ്രസംഗിക്കുമ്പോള്‍ പ്രസംഗം തടസപ്പെടുത്തി ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സിനിമ കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പ്രസംഗം വിവാദമായത്. പട്ടികജാതിക്കാരായവര് സിനിമ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്കു മതിയായ പരിശീലനം നല്‍കണമെന്നും സര്‍ക്കാരിന്റെ പണം അനാവശ്യമായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നായിരുന്നു അടൂരിന്റെ പരാമര്‍ശം. ഇതിനെതിരേയാണു ഗായിക പുഷ്പവതി പ്രതിഷേധിച്ചത്.
അടൂരിന്റെ പ്രസംഗം പട്ടികജാതിക്കാരെ അപമാനിക്കുന്നതാണെന്നു കാട്ടി ദളിത് ആക്ടിവിസ്റ്റ് ദിനു വെയില് മ്യൂസിയം പോലീസിലും എസ്സി, എസ്ടി കമ്മീഷനിലും പരാതി നല്‍കിയിരുന്നു.