ബംഗ്ലാ പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികം ഇന്ന്; ഹസീനയുടെ വസതി മ്യൂസിയമാക്കും
Tuesday, August 5, 2025 9:34 AM IST
ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഔദ്യോഗിക വസതിയായിരുന്ന ‘ഗണഭവൻ’ മ്യൂസിയമാക്കി. ഹസീന പുറത്താക്കപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ‘ജൂലൈ റെവലൂഷൻ മെമ്മോറിയൽ മ്യൂസിയം’ എന്നാണ് പേരു നല്കിയിരിക്കുന്നത്.
ഹസീന ജീവനുംകൊണ്ട് ഇന്ത്യയിലേക്കു പലായനം ചെയ്തതിന്റെ ഒന്നാം വാർഷികമായ ഇന്ന് മ്യൂസിയം ഉദ്ഘാടനം ചെയ്യുമെന്നാണു റിപ്പോർട്ട്.
ബംഗ്ലാദേശ് സ്ഥാപകനും ഹസീനയുടെ പിതാവുമായ ഷേഖ് മുജിബുർ റഹ്മാനാണ് ഈ വസതി പണിതത്. 2010 മാർച്ച് ആറ് മുതൽ പുറത്താക്കപ്പെട്ട 2024 ഓഗസ്റ്റ് അഞ്ച് വരെ ഹസീന ഇവിടെയാണു താമസിച്ചിരുന്നത്. ഹസീനയെ വധിക്കാനായി ഇവിടെ പ്രക്ഷോഭകർ എത്തിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കു മുന്പ് ഹസീന ഇന്ത്യയിലേക്കു രക്ഷപ്പെട്ടു.
പ്രക്ഷോഭകർ ഗണഭവൻ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാരി, ക്ലോക്ക്, സോഫ, ആഡംബര ബാഗുകൾ, ടിവി തുടങ്ങി സ്ത്രീകളുടെ അടിവസ്ത്രം വരെ എടുത്തുകൊണ്ടുപോയി. നഷ്ടപ്പെട്ട പലതും വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നാണു പറയുന്നത്.
ഹസീനയ്ക്കുശേഷം അധികാരത്തിലേറിയ പ്രഫ. മുഹമ്മദ് യൂനുസിന്റെ സർക്കാരാണ് ഗണഭവനെ മ്യൂസിയമാക്കാൻ തീരുമാനിച്ചത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ മ്യൂസിയത്തിൽ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, മ്യൂസിയത്തിന്റെ പണി പൂർത്തിയായ ശേഷമേ ജനങ്ങൾക്കു തുറന്നുകൊടുക്കൂ എന്നാണു പറയുന്നത്.