കെട്ടിടം അനധികൃതമെങ്കിലും വാടക നിഷേധിക്കാനാകില്ല: ഹൈക്കോടതി
Tuesday, August 5, 2025 5:17 AM IST
കൊച്ചി: കോവിഡ് കാലത്തു രോഗികളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ച സ്വകാര്യ കെട്ടിടം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി, നല്‍കാനുള്ള വാടക കുടിശിക നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി.
2005ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചു സ്വകാര്യ കെട്ടിടം ഉപയോഗിച്ചാല്‍ വാടകയും നഷ്ടപരിഹാരവും നല്കാന് സര്‍ക്കാര്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ നിര്ണായകസമയത്തു വര്‍ക്കല എസ്ആര്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഉപകരണങ്ങളുമാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്തത്. പിന്നീട് ഈ കെട്ടിടം അനധികൃത നിര്‍മാണമാണെന്നു ചൂണ്ടിക്കാട്ടി വാടക നിഷേധിച്ചു.
കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ എന്തെങ്കിലും നിയമപരമായ ലംഘനങ്ങളുണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കെട്ടിടം സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഹര്‍ജിക്കാരനു വാടകയും നഷ്ടപരിഹാരവും നല്‍കണമെന്നും കോടതി വ്യക്തമാക്കി.