ജൈനമ്മ തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീടിന്റെ തറയിളക്കി പരിശോധന
Monday, August 4, 2025 7:45 PM IST
ആലപ്പുഴ: ചേർത്തല ജൈനമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീടിന്റെ തറയിളക്കി പോലീസ് പരിശോധന നടത്തി. പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചനയുണ്ട്. പുരയിടത്തിൽ നിന്നും 20ഓളം അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി.
അസ്ഥികൾ കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോലീസ് പറഞ്ഞു. കെഡാവർ നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയാണ്. സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തെങ്കിലും ഇയാൾ സഹകരിക്കുന്നില്ല.
ആദ്യഘട്ടത്തിൽ വീടിന്റെ പിന്നിലുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവർ നായ ഓടിക്കയറിയത്. തുടർന്ന് പറമ്പിലുള്ള കുളത്തിനരികിലേക്ക് വരികയായിരുന്നു. ഇതോടെ കുളത്തിൽ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്.
വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീൾ ഉപയോഗിക്കുന്ന ബാഗും കൊന്തയും കണ്ടെത്തിയത്. മണ്ണിൽ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവർ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്.
കൂടുതൽ അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞാഴ്ച നടത്തിയ പരിശോധനയിലും വീടിനു സമീപത്ത് നിന്ന് അസ്ഥികൾ കണ്ടെത്തിയിരുന്നു.
ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.