പാലത്തിന്റെ സ്പാൻ തകർന്നുവീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങളും കണ്ടെത്തി
Monday, August 4, 2025 7:13 PM IST
ആലപ്പുഴ: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്നുവീണ് കാണാതായ രണ്ട് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്ന് വീണത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.
ചെന്നിത്തല - ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.
അതേസമയം പാലത്തിന്റെ സ്പാൻ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേണ്ട സുരക്ഷ മുൻ കരുതലുകൾ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.