പഹൽഗാം ആക്രമണം: ഓപ്പറേഷൻ മഹാദേവിൽ മരിച്ച ഭീകരർ പാക്കിസ്ഥാനികൾ
Monday, August 4, 2025 6:53 PM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരർ പാക്കിസ്ഥൻ പൗരന്മാരാണെന്ന് സുരക്ഷാ ഏജൻസികൾ വെളിപ്പെടുത്തി. പാക്കിസ്ഥാൻ സർക്കാരിന്റെ രേഖകളും ബയോമെട്രിക് ഡാറ്റയും കറാച്ചിയിൽ നിർമിച്ച ചോക്ലേറ്റുകളും ഉൾപ്പെടെ വ്യക്തമായ തെളിവുകൾ ഇവരിൽനിന്ന് ലഭിച്ചതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.
ലഷ്കർ ഇ ത്വയിബയുടെ മൂന്ന് മുതിർന്ന നേതാക്കളാണ് ജൂലൈ 28ന് ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാം വനത്തിനുള്ളിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൺ വാലിയിൽ നടന്ന ആക്രമണത്തിനുശേഷം ഇവർ വനത്തിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകര സംഘത്തിൽ ഒരു തദ്ദേശീയനും ഉൾപ്പെട്ടിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും വെടിവയ്പ്പിന് നേതൃത്വം നൽകിയതും സുലെമാൻ ഷാ എന്ന "ഫൈസൽ' ആണെന്ന് തിരിച്ചറിഞ്ഞു.
രണ്ടാമത്തെയാൾ അബു ഹംസ എന്ന "അഫ്ഗാനി' ആയിരുന്നു. മൂന്നാമത്തെ വെടിവയ്പ്പുകാരൻ ജിബ്രാൻ എന്ന യാസിർ ആയിരുന്നു. സുലൈമാൻ ഷായുടെയും അബു ഹംസയുടെയും മൃതദേഹങ്ങളിൽനിന്ന് പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രണ്ട് ലാമിനേറ്റഡ് വോട്ടർ ഐഡി സ്ലിപ്പുകൾ കണ്ടെടുത്തു.