അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Monday, August 4, 2025 6:06 PM IST
കൊച്ചി: അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയത് പരിഭ്രാന്തിപരത്തി. ആലുവ കരുമാലൂര്‍ തടിക്കക്കടവിലെ അങ്കണവാടിയിൽ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
അധ്യാപിക ഷെല്‍ഫിലെ കളിപ്പാട്ടങ്ങള്‍ എടുക്കുന്നതിനിടെയാണ് പത്തി വിടര്‍ത്തിയ നിലയില്‍ വലിയ മൂര്‍ഖനെ കണ്ടത്. തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് അധ്യാപിക പറഞ്ഞു.
ഈ സമയത്ത് എട്ടു കുട്ടികൾ അങ്കണവാടിയിലുണ്ടായിരുന്നു. തുടർന്ന് കുട്ടികളെ പുറത്തിറക്കിയശേഷം സ്നേക് റെസ്ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും അങ്കണവാടി കെട്ടിടത്തിന്റെ ജനല്‍ ഭാഗം തകര്‍ന്നിരുന്നു. തുണികള്‍ വെച്ചാണ് ഈ ഭാഗം അടച്ചിരുന്നത്. ഇത് വഴിയാണോ പാമ്പ് അകത്ത് കയറിയത് എന്നാണ് സംശയം.
അങ്കണവാടി മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്നും പരിശോധനയ്ക്ക് ശേഷമേ തുറന്ന് പ്രവര്‍ത്തിക്കൂവെന്നും അധികൃതർ പറഞ്ഞു.