കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി: പി. ജയരാജന്
Monday, August 4, 2025 5:10 PM IST
കണ്ണൂർ: ടി.പി കേസ് പ്രതികൾ മദ്യപിച്ച സംഭവത്തിൽ പ്രതികരണവുമായി ജയിൽ ഉപദേശക സമിതി അംഗം പി.ജയരാജൻ. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടിയെടുക്കും. അതാണ് പിണറായി വിജയന് സര്‍ക്കാരിന്റെ നയം.
സർക്കാർ കര്‍ശനമായ നടപടി എടുത്തിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് തുടങ്ങിയവരാണ് പോലീസിനെ നോക്കുകുത്തിയാക്കി പരസ്യമായി മദ്യപിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17ന് തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്ന വഴിയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍വച്ച് പ്രതികൾ മദ്യപിച്ചത് വൻ വിവാദമായിരുന്നു.
സംഭവത്തിൽ മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തിരുന്നു. കൊടി സുനിക്കും സംഘത്തിനും മദ്യപാനത്തിന് ആദ്യമായല്ല അവസരമൊരുക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.