കോൺക്ലേവിൽ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, പോസിറ്റീവായി പറഞ്ഞത് നെഗറ്റീവ് ആക്കി, പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി: അടൂർ
Monday, August 4, 2025 3:02 PM IST
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിലെ പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താന്‍ എതിരല്ലെന്നും മുന്‍പരിചയമില്ലാത്തവര്‍ക്കു സിനിമ എടുക്കാന്‍ പണം നല്കുമ്പോള് അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അറിവുകേട് കൊണ്ടാണ് പലരും തന്നെ വിമര്‍ശിക്കുന്നത്. സിനിമയെടുക്കുന്നവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്. സിനിമയെന്ന മാധ്യമത്തെക്കുറിച്ച് അറിയാതെ എത്തുന്നവര്‍ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തില്‍ സിനിമ ചെയ്ത ചരിത്രമുണ്ട്.
ഒന്നരക്കോടി കൊടുത്ത് നിര്‍മിച്ച നാലഞ്ച് പടങ്ങള്‍ താനും കണ്ടിട്ടുണ്ട്. ഒന്നിനുപോലും ഒരു കോടി പോലും ചെലവാക്കിയിട്ടില്ല. സിനിമയെടുക്കുന്നതിന് മുന്‍പായി ഒരു പ്രീ പ്ലാനിംഗ് വേണം. അതുകൊണ്ടാണ് പരിശീലനം വേണമെന്ന് പറയുന്നത്.
ഇത്തരത്തില്‍ ആദ്യമായി സിനിമ എടുക്കാന്‍ വരുന്നവര്‍ പലരും അതിനുശേഷം അപ്രത്യക്ഷരാകുന്നതാണ് കാണുന്നത്. അവര്‍ക്കു വേണ്ടത്ര പരിശീലനം നല്കിയാല് തുടര്‍ന്നും ഈ രംഗത്തു പ്രവര്‍ത്തിക്കാന്‍ കഴിയും.
ലോകസിനിമയില്‍ ദിനംപ്രതി മാറ്റങ്ങള്‍ വരികയാണ്. അത്തരമൊരു സാഹചര്യത്തില്‍ യാതൊരുപരിചയവുമില്ലാത്തവര്‍ക്ക് സിനിമ എടുക്കാന്‍ പണം കൊടുക്കുമ്പോള്‍ മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു.
സ്ത്രീകളായാലും പിന്നോക്കവര്‍ഗത്തില്‍പ്പെട്ടവരായാലും സിനിമയുടെ സാങ്കേതിക വിദ്യ അല്പം പോലും അറിയാതെ ഈ പണിക്ക് പോകുന്നത് ആര്‍ക്കും നല്ലതാവില്ലെന്ന് അടൂര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരായല്ല, അവര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. അവരില്‍നിന്ന് മികച്ച ഫിലിം മേക്കേഴ്സ് ഉണ്ടാകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം സിനിമ എടുക്കാന്‍ വരുന്നവര്‍ക്ക് പണം കൊടുക്കാനുള്ള സര്‍ക്കാര്‍ നടപടി നല്ല തീരുമാനമാണ്. പക്ഷേ അത് പാഴാകാതെ ഉപയോഗിക്കാന്‍ അവര്‍ക്ക് പരിശീലനം കൊടുക്കുകയാണ് വേണ്ടത്.
പോസിറ്റീവായാണ് 50 ലക്ഷം വീതം നല്‍കണമെന്നു പറഞ്ഞത്. പണം വാങ്ങുന്നവര്‍ക്കു മാത്രമല്ല കെഎസ്എഫ്ഡിസി ഉള്‍പ്പെടെ കൊടുക്കുന്നവര്‍ക്കും ഉത്തരവാദിത്തം വേണം. ഒന്നരക്കോടി രൂപ കൊടുക്കുന്നത് അഴിമതിക്കു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രിയോടു തന്നെ പറഞ്ഞിരുന്നതാണ്. കോണ്‍ക്ലേവില്‍ വളരെ പോസിറ്റീവായി പറഞ്ഞതിനെ നെഗറ്റീവ് ആക്കി മാറ്റിയത് അദ്ഭുതമാണെന്നും അടൂര്‍ പറഞ്ഞു.
കോണ്‍ക്ലേവില്‍ തനിക്കെതിരെ ഗായിക പുഷ്പവതി പൊയ്പ്പാടത്ത് എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പ്രശസ്തിക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനപ്പെട്ട ഒരു സെഷനില്‍ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതു തടസപ്പെടുത്താന്‍ അവര്‍ക്ക് എന്താണ് അവകാശം. പാട്ടുകാരി സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്നും അടൂര്‍ പറഞ്ഞു.
അവര്‍ക്ക് അഭിപ്രായം പറയാം. എന്നാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് അവര്‍ക്ക് അറിയേണ്ടേ?. അത് മനസിലാകാത്ത ആളാണ് എഴുന്നേറ്റ് നിന്ന് ശബ്ദമുണ്ടാക്കുന്നത്. സ്റ്റേജില്‍ ഇരുന്ന മന്ത്രി ഉള്‍പ്പെടെ എന്തുകൊണ്ടാണ് അവരെ തടയാതിരുന്നത്. ദളിത് - സ്ത്രീ വിരുദ്ധ പരാമര്‍ശം എവിടെയും നടത്തിയിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.