ഡൽഹിയിൽ പ്രഭാത സവാരിക്കിടെ വനിതാ എംപിയുടെ മാല പൊട്ടിച്ചോടി മോഷ്ടാവ്; കഴുത്തിന് പരിക്ക്
Monday, August 4, 2025 1:28 PM IST
ന്യൂഡൽഹി: ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാലു പവന്റെ സ്വർണമാല പൊട്ടിച്ചു മോഷ്ടാവ് കടന്നുകളഞ്ഞു. ഇന്നു രാവിലെ ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം. രാജ്യസഭയിലെ ഡിഎംകെയുടെ അംഗമായ രാജാത്തിയും സുധയ്ക്കൊപ്പം പ്രഭാത സവാരിക്കുണ്ടായിരുന്നു.
എംബസികളും വിഐപി വസതികളും സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നിലാണ് മാലമോഷണം നടന്നത്. സംഭവം വിവരിച്ചുകൊണ്ട് ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധാ രാമകൃഷ്ണൻ കത്തെഴുതി. കുറ്റവാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് അവർ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
രാവിലെ 6.15 നും 6.20 നും ഇടയിൽ, പോളിഷ് എംബസിയുടെ ഗേറ്റ്-3 നും ഗേറ്റ്-4 നും സമീപം ഹെൽമെറ്റ് ധരിച്ച് മുഖം പൂർണമായും മറച്ച് ഒരു സ്കൂട്ടറിലെത്തിയ ഒരാളാണ് മാല പൊട്ടിച്ച് കടന്നതെന്ന് സുധ വ്യക്തമാക്കി. മാല പിടിച്ചു വലിച്ചപ്പോൾ കഴുത്തിന് പരിക്കേറ്റതായും ചുരിദാറും കീറിപ്പോയതായയും സുധ കത്തിൽ പറയുന്നു. പിന്നീട് ഡൽഹി പോലീസിന്റെ ഒരു മൊബൈൽ പട്രോളിംഗ് വാഹനം കണ്ട് അവരോട് പരാതിപ്പെടുകയായിരുന്നു.
എംബസികളും ഉന്നത സ്ഥാപനങ്ങളും നിറഞ്ഞ ചാണക്യപുരി പോലുള്ള ഉയർന്ന സുരക്ഷാ മേഖലയിൽ പാർലമെന്റ് അംഗമായ ഒരു സ്ത്രീക്ക് നേരെയുണ്ടായ ഈ ആക്രമണം വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ സുധാ രാമകൃഷ്ണൻ എഴുതി.
സുധാ രാമകൃഷ്ണന്റെ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധ രാമകൃഷ്ണൻ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയത്.