ഡോക്ടറുടെ വീട്ടിൽ കയറി ആറ് ഗ്രാം സ്വർണവും 40000 രൂപയും കവർന്ന കേസ്; യുവാവ് പിടിയിൽ
Monday, August 4, 2025 6:45 AM IST
തിരുവനന്തപുരം: കോവളം ഹാർബർ റോഡിൽ ഡോക്ടർ എച്ച്.എ റഹ്മാന്റെ കുടുംബ വീട്ടിൽ കയറി ആറ് ഗ്രാം സ്വർണവും 40000 രൂപയും കവർന്ന കേസിൽ യുവാവ് പിടിയിൽ. കോവളം കെഎസ് റോഡ് അനിൽ ഭവനിൽ അരുൺ (19) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വാതിൽ തുറന്നു കിടക്കുന്നത് കണ്ട അയൽവാസികളാണ് വീട്ടുകാർക്ക് വിവരം നൽകിയത്. പിന്നാലെ വീട്ടുകാരെത്തിയെങ്കിലും പിൻവാതിൽ കുത്തിത്തുറന്ന് ഉള്ളില്‍ കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് രക്ഷപെട്ടിരുന്നു. മറ്റ് അലമാരകളെ വസ്തുക്കൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പത്തൊൻപതുകാരൻ കോവളം പോലീസിന്റെ പിടിയിലായത്. കേസിൽ ഒരു പ്രതിയെ കൂടി കിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
പിടിയിലായ പ്രതിക്ക് തമിഴ്നാട് മാർത്താണ്ഡം ഭാഗത്ത് മോഷണം, കോവളത്ത് അടിപിടി എന്നീ കേസുകളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയെ പിടികൂടാനായുള്ള അന്വേഷണം ഊർജ്ജിതമാണെന്നും വൈകാതെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.