പരവൂരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചു, കാർ കത്തിച്ചു
Sunday, August 3, 2025 9:20 PM IST
കൊല്ലം: പരവൂരിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. വടിവാളുമായി എത്തിയ സംഘം ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും കാർ കത്തിക്കുകയും ചെയ്തു. യാത്രികനായ കണ്ണനാണ് വെട്ടേറ്റത്.
പരവൂർ പൂതക്കുളം ആശാരി മുക്കിൽ ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കാറിൽ എത്തിയ കണ്ണനെ ഒരു സംഘം യുവാക്കൾ പിന്തുടർന്നെത്തി മർദിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ തല്ലിപ്പൊട്ടിക്കുകയും തീയിടുകയും ചെയ്തു.
പുറത്തിറങ്ങാതിരുന്ന കണ്ണനെ കാറിന് പുറത്തേക്ക് വലിച്ചിറക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികളും വെട്ടേറ്റ കണ്ണനും ഓടി രക്ഷപ്പെട്ടുകയായിരുന്നു. കാറിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാ സേനയെത്തി അണച്ചു.
തുടർന്ന് പരവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ കണ്ടെത്തിയത്. പൂതക്കുളം സ്വദേശിയായ ശംഭു എന്ന ആളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.