മുംബൈയിൽ ഡാൻസ് ബാർ തല്ലി തകർത്ത് എംഎൻഎസ് പ്രവർത്തകർ
Sunday, August 3, 2025 12:36 PM IST
മുംബൈ: നവി മുംബൈയിലെ ഡാൻസ് ബാർ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ തല്ലിത്തകർത്തു. ശനിയാഴ്ച രാത്രി പൻവേലിലാണ് സംഭവം.
പൻവേലിലെ നൈറ്റ് റൈഡേഴ്സ് ബാറിലേക്ക് അതിക്രമിച്ച് കയറിയ ഒരുകൂട്ടം എംഎൻഎസ് പ്രവർത്തകർ ഫർണിച്ചറുകൾ നശിപ്പിക്കുകയും മദ്യക്കുപ്പികൾ അടിച്ചു തകർക്കുകയും സ്ഥാപനത്തിന് കനത്ത നാശനഷ്ടം വരുത്തുകയും ചെയ്തു .
ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . തകർന്ന മേശകളും ചിതറിക്കിടക്കുന്ന ഗ്ലാസുകളും അലങ്കോലപ്പെട്ട സ്ഥാപനത്തിന്റെ ഉൾവശവും ഇതിൽ വ്യക്തമാണ്
"ഛത്രപതി ശിവാജി മഹാരാജിന്റെ പുണ്യഭൂമിയിൽ ഡാൻസ് ബാറുകൾക്ക് സ്ഥാനമില്ല. പൻവേലിലോ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലുമോ ഇത്തരം അശ്ലീലങ്ങൾ വളരാൻ ഞങ്ങൾ അനുവദിക്കില്ല,' ഒരു എംഎൻഎസ് ഭാരവാഹി പറഞ്ഞു.
എംഎൻഎസ് നേതാവ് രാജ് താക്കറേയുടെ പ്രസംഗത്തിന് പിന്നാലെയാണ് സംഭവം. പൻവേലിൽ നടന്ന കിസാൻ മസ്ദൂർ പാർട്ടി യോഗത്തിൽ ചക്രവർത്തി ശിവാജി മഹാരാജിന്റെ തലസ്ഥാനമായിരുന്നു റായ്ഗഡ് എന്നും അവിടെ ഡാൻസ് ബാറുകൾ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു.
"റായ്ഗഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡാൻസ് ബാറുകൾ ഉള്ളത്. അവ അടച്ചുപൂട്ടിയതല്ലേ?. റായ്ഗഡിൽ ഇത്രയധികം ഡാൻസ് ബാറുകൾ ഉണ്ടോ, ആരുടെ ഉടമസ്ഥതയിലാണ് അവ?. മറാത്തികൾ മാത്രമാണോ?. അപ്പോൾ, നിങ്ങളെ ഇവിടെ നിന്ന് പുറത്താക്കുകയാണെങ്കിൽ, നിങ്ങളെ ഡാൻസ് ബാറുകൾ ശീലമാക്കുന്നതിലൂടെ നിങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതാണ് നമ്മുടെ റായ്ഗഡ്. ഛത്രപതി ശിവാജി മഹാരാജിന്റെ തലസ്ഥാനമായിരുന്നു റായ്ഗഡ്'. താക്കറെ പറഞ്ഞു.
സംഭവത്തിൽ പൻവേൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.