ഒഡീഷയിൽ കൗമാരക്കാരിയെ അജ്ഞാതർ തീകൊളുത്തി കൊന്നു
Sunday, August 3, 2025 12:01 PM IST
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജില്ലയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തീകൊളുത്തിയ കൗമാരക്കാരി മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ ഇരിക്കെയാണ് കുട്ടി മരിച്ചത്. പെണ്‍കുട്ടിക്ക് ദേഹത്ത് 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യക്തമാക്കി. ജൂലൈ 19നായിരുന്നു സംഭവം.
12-ാം ക്ലാസ് വിദ്യാർഥനിയായ പെണ്‍കുട്ടി സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം നേരിട്ടത്.
ഭാര്‍ഗവി നദിക്ക് സമീപമുള്ള വിജനമായ പ്രദേശത്തുവെന്ന് മൂന്ന് അക്രമികള്‍ പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കുകയും തീ കൊളുത്തുകയായിരുന്നുവെന്നുമാണ്, കുട്ടിയുടെ അമ്മ നല്കിയ പരാതിയിലുള്ളത്.
നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പരിക്ക് ഗുരുതരമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്ത് ഡല്‍ഹി എയിംസില്‍ എത്തിക്കുകയായിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍, ഒഡീഷ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഒഡീഷ പോലീസ്, കുറ്റക്കാരെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി അറിയിച്ചു.