ഡോ. ഹാരിസിനെതിരായ പ്രതികാര നടപടിയെ ചെറുക്കും; പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Sunday, August 3, 2025 11:33 AM IST
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ).
ഇത്തരം പ്രതികാര നടപടികൾ നിസ്വാർഥമായി ജന സേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യത്തെ തന്നെ തകർക്കുമെന്ന് ഐഎംഎ പ്രതികരിച്ചു.
ഡോ. ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്നും ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറാണ് യഥാർത്ഥ പ്രശ്നമെന്നും ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചതാണ്. എന്നിട്ടും സ്വന്തം വകുപ്പിലെ സിസ്റ്റം തകരാറുകൾ പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഹാരിസിനെ പോലൊരു ജനകീയ ഡോക്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ കോപ്പ് കൂട്ടുന്നത് മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമായേ കരുതാനാവൂ എന്ന് ഐഎംഎ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയെന്ന് പഠിക്കാനും പരിഹരിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അതിനായി പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആർ. ശ്രീജിത്ത്, സെക്രട്ടറി ഡോ. സ്വപ്ന എസ്. കുമാർ എന്നിവർ ആവശ്യപ്പെട്ടു.
സർക്കാർ മെഡിക്കൽ കോളജുകൾ നേരിടുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനും ഇതുസംബന്ധിച്ച പൊതുജനങ്ങളുടെയും ആരോഗ്യ വിദഗ്ദരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്നതിനുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു ഓപ്പൺ ഫോറം അഞ്ചാം തീയതി രണ്ടിന് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിർവശമുള്ള ഐഎംഎ ഹാളിൽ വച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.