തെലുങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
Sunday, August 3, 2025 9:15 AM IST
ഹൈദരാബാദ്: തെലുങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി നിർദേശം. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ.ടി. രാമറാവു നൽകിയ മാനനഷ്ട പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രാഥമിക തെളിവുകൾ പരിശോധിച്ച ശേഷം, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 356 പ്രകാരമുള്ള കേസ് മുന്നോട്ട് കൊണ്ടുപോകാൻ പ്രഥമദൃഷ്ട്യാ മതിയായ തെളിവുകൾ ഉണ്ടെന്ന് നമ്പള്ളി കോടതി കണ്ടെത്തി.
ഓഗസ്റ്റ് 21നകം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും മന്ത്രി സുരേഖയ്ക്ക് നോട്ടീസ് നൽകാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊണ്ട സുരേഖ നടത്തിയ വിവാദ പരാമർശങ്ങളാണ് മാനനഷ്ടക്കേസിന് കാരണമായത്. ചലച്ചിത്രതാരങ്ങളായ സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തിന് കെടിആറാണ് ഉത്തരവാദിയെന്ന് അവർ ആരോപിച്ചിരുന്നു.
കൂടാതെ മറ്റ് ആരോപണങ്ങളും ഉന്നയിച്ചു. ഈ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ദോഷം വരുത്താൻ വേണ്ടിയുള്ളതാണെന്നും കെടിആറിന്റെ അഭിഭാഷകൻ വാദിച്ചു.
കോണ്ട സുരേഖയുടെ അഭിഭാഷകർ ഉന്നയിച്ച എതിർപ്പുകൾ കോടതി തള്ളി. മന്ത്രിയുടെ വിവാദ പരാമർശങ്ങളടങ്ങുന്ന വീഡിയോ തെളിവുകൾ അടങ്ങിയ പെൻഡ്രൈവും കോടതി സ്വീകരിച്ചു.
നേരത്തെ, സുരേഖ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ആർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.