കേരളസമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും നികത്താനാകാത്ത നഷ്ടമാണ് സാനുവിന്റെ വേർപാട്: മുഖ്യമന്ത്രി
Saturday, August 2, 2025 9:32 PM IST
തിരുവനന്തപുരം: കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് എം.കെ. സാനുവിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. ശ്രേഷ്ഠനായ അധ്യാപകന്, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്ത്തകന്, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്, നിസ്വപക്ഷമുള്ള എഴുത്തുകാരന്, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വിദ്യാര്‍ഥി ജീവിതകാലത്തിനുശേഷമാണ് കുറച്ചുകാലം തലശേരി ബ്രണ്ണന്‍ കോളജില്‍ അദ്ദേഹം അധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാര്‍ഥികളെയും യുവാക്കളെയും പോലീസ് തല്ലിച്ചതയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനുമാഷിനെ താന്‍ കണ്ടിട്ടുണ്ട്.
പില്ക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം തങ്ങള്‍ തമ്മിലുണ്ടായി. പലതവണ അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം കരിക്കാമുറിയിലെ 'സന്ധ്യ' എന്ന വീട്ടില്‍ എത്തിയിട്ടുണ്ട്. എല്ലാവരോടും സമഭാവത്തോടെ പെരുമാറുന്ന അദ്ദേഹത്തിന്റെ സവിശേഷത മാതൃകാപരമാണ്.
നിയമസഭാംഗമായി നാലുവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍ കേള്‍ക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു. തന്റെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ എഴുത്തുകള്‍ കൂടുതല്‍ തിളക്കമുള്ളവയായി മാറി.
ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.