വിമര്‍ശന സാഹിത്യത്തിലെ ധിഷണാശാലി
Saturday, August 2, 2025 8:14 PM IST
കൊച്ചി: കാവ്യഭാഷയില്‍ ശക്തമായ വിമര്‍ശനത്തിലൂടെ മലയാള സാഹിത്യ നിരൂപണത്തില്‍ തന്റേതായ വഴി തെളിച്ചിട്ട ധിഷണാശാലിയായ സാഹിത്യകാരനായിരുന്നു എം.കെ. സാനു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീനിലകളിലും വ്യക്തമുദ്രപതിപ്പിച്ചയാളായിരുന്നു സാനു.
വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം എന്നുവേണ്ട സാഹിത്യത്തിലെ ഏറെക്കുറെ എല്ലാ മേഖലകളിലും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മലയാള ഭാഷയിലെ മികച്ച ജീവചരിത്ര കൃതികളെല്ലാം എം.കെ. സാനുവിന്റെ നിരീക്ഷണത്തില്‍ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. ശ്രീനാരായണ ഗുരു, സഹോദരന് അയ്യപ്പന്, പി.കെ. ബാലകൃഷ്ണന് എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്.
ചങ്ങമ്പുഴയെക്കുറിച്ചുള്ള ഏറ്റവും ദീപ്തമായ പുസ്തകം 'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം', ബഷീറിനെപ്പറ്റി 'ഏകാന്തവീഥിയിലെ അവധൂതന്', പി.കെ. ബാലകൃഷ്ണനെപ്പറ്റി 'ഉറങ്ങാത്ത മനീഷി', ആല്‍ബര്‍ട്ട് ഷൈ്വറ്റ്സറെപ്പറ്റി 'അസ്തമിക്കാത്ത വെളിച്ചം', 'യുക്തിവാദി എം.സി. ജോസഫ്' തുടങ്ങിയ മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് അനന്യമായ സംഭാവനകള്‍ സാനു നല്കി.