പ്രഫസർ എം.കെ. സാനു അന്തരിച്ചു
Saturday, August 2, 2025 5:57 PM IST
കൊച്ചി: എഴുത്തുകാരനും ചിന്തകനും സാഹിത്യ നിരൂപകനുമായ എം.കെ. സാനു (98) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീനിലകളിലും വ്യക്തമുദ്രപതിപ്പിച്ചയാളായിരുന്നു സാനു.
1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ. സാനു ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ ബിരുദം നേടിയ സാനു കൊല്ലം ശ്രീനാരായണ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983 ൽ പ്രഫസറായാണ് അദ്ദേഹം വിരമിച്ചത്.
1984 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ൽ കേരള സർവകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1987ൽ കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തി എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
പ്രഭാതദർശനം, സഹൊദരൻ കെ അയ്യപ്പൻ, ഇവർ ലോകത്തെ സ്നേഹിച്ചവർ, എം. ഗോവിന്ദൻ, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം), യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം), ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം), മോഹൻലാൽ - അഭിനയ കലയിലെ ഇതിഹാസം, നാരായണ ഗുരുസ്വാമി തുടങ്ങിയ നിരവധി കൃതികളാണ് എം.കെ. സാനു രചിച്ചിരിക്കുന്നത്. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.