വളാഞ്ചേരിയില്‍ ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയിൽ
Saturday, August 2, 2025 2:38 AM IST
മലപ്പുറം: വളാഞ്ചേരിയില്‍ ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ഷക്കീർ ആണ് പിടിയിലായത് .
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്. ബസിൽ വച്ച് ഷക്കീർ പെൺകുട്ടിയോട് ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. ഉപദ്രവം സഹിക്കാതെ പെൺകുട്ടി ബഹളം വച്ചതോടെ ബസിലെ കണ്ടക്ടര്‍ ഇയാളെ പിറകിലെ സീറ്റില്‍ കൊണ്ടുപോയി ഇരുത്തി.
അടുത്ത സ്റ്റോപ്പ് എത്തിയതോടെ ഉപദ്രവിക്കാൻ ശ്രമിച്ച ആള് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. തന്നെ സഹായിക്കേണ്ട ബസ് ജീവനക്കാര്‍ അത് ചെയ്യാതെ പ്രതിക്ക് രക്ഷപ്പെടാനാണ് അവസരമുണ്ടാക്കിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ പരാതിയില്‍ കേസെടുത്ത വളാഞ്ചേരി പോലീസ് രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവം നടന്ന മലാല ബസ് പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസം വളാഞ്ചേരി- തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിയെങ്കിലും പിന്നീട് സമരം പിൻവലിച്ചു. ഉപദ്രവമുണ്ടായത് അറിഞ്ഞില്ലെന്നും, പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നുമാണ് ബസ് ജീവനക്കാരുടെ വിശദീകരണം.