വെളിച്ചെണ്ണ വില കുതിക്കുന്നു; കേരളത്തിലെ നാളികേരം തമിഴ്നാട്ടിലേക്ക് കടത്തുന്നു
എം. ജയതിലകന്‍
Friday, August 1, 2025 9:03 PM IST
കോഴിക്കോട്: സംസ്ഥാനത്ത് നാളികേര ഉത്പാദനം നാലിലൊന്നായി കുറഞ്ഞു. ഉള്ള നാളികേരമാകട്ടെ തമിഴ്നാട്ടിലേക്കു കടത്തികൊണ്ടുപോകുകയാണ്. ഇതു കാരണം സംസ്ഥാനത്ത് നാളികേരത്തിനു ഡിമാന്‍ഡ് കൂടി. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. സാഹചര്യം മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ സജീവമായി.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തില്‍ 95 ശതമാനവും തമിഴ്നാട്ടിലേക്കാണു പോകുന്നത്. ബാക്കിയുള്ള അഞ്ച് ശതമാനം മാത്രമാണു കേരള വിപണിയില്‍ ഉള്ളത്. ദിനംപ്രതി ശരാശരി 200 ലോഡ് നാളികേരം തമിഴ്നാട്ടിലേക്ക് പോകുന്നുണ്ടെന്ന് മില്‍ ഓണേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് പാലോളി ബഷീര്‍ പറഞ്ഞു.
തമിഴ്നാട്ടിലെ കാങ്കയം, പൊള്ളാച്ചി, നിഗമം തുടങ്ങിയ സ്ഥലങ്ങളിലേക്കാണു പച്ചത്തേങ്ങ പ്രധാനമായും കൊണ്ടുപോകുന്നത്. തമിഴ്നാട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കാണ് നാളികേരം ഉപയോഗിക്കുന്നത്. തേങ്ങാച്ചമന്തിയും തേങ്ങാപ്പാലുമെല്ലാമായി വിദേശത്തേക്കു കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ഉപയോഗിച്ചശേഷം ബാക്കിയുള്ളതാണു വെളിച്ചെണ്ണയാക്കി കേരള വിപണിയിലേക്കു തിരിച്ചെത്തുന്നത്. ഇതിന്റെ ഗുണനിലവാരം പൊതുവേ മോശമാണ്.
കേരളത്തില്‍ നാളികേരം കൊപ്രയാക്കുന്നതു കുറവാണ്. മഴക്കാലത്ത് പ്രത്യേകിച്ച് നാളികേരം ഉണക്കി കൊപ്രയാക്കാന്‍ ചെലവു കൂടുതലാണ്. ചിരട്ടയാണു കൊപ്രയാക്കാന്‍ വേണ്ട അസംസ്കൃത വസ്തു. നാട്ടിലെങ്ങും ചിരട്ട കിട്ടാനില്ല. ചിരട്ടയ്ക്ക് കിലോയ്ക്ക് 31 രൂപയാണ് നിലവില്‍ വില.
തേങ്ങാവില ഉയര്‍ന്നിട്ടും അതിന്റെ നേട്ടം നാളികേര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. പച്ചത്തേങ്ങ വില വ്യാഴാഴ്ച കിലോയ്ക്ക് 73 രൂപയാണ്. വെളിച്ചെണ്ണ വില കിലോയ്ക്ക് 433 രൂപയും. എന്നാല്‍ നാളികേര ഉത്പാദനം കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. സീസണില്‍ 1,000 നാളികേരം ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ 250ല്‍ താഴെ നാളികേരമാണ് ലഭിക്കുന്നത്. ഒരു തെങ്ങില്‍നിന്ന് കിട്ടുന്നത് മൂന്നും നാലും തേങ്ങ.
തേങ്ങ വലിക്കുന്നതിന്റെയും പൊളിക്കുന്നതിന്റെയൂം കൂലിയും കടത്തുകൂലിയുമെല്ലാം കഴിഞ്ഞാല്‍ കര്ഷകന് നാമമാത്രമായ വരുമാനമാണു ലഭിക്കുന്നത്. തെങ്ങിനു മണ്ഡരി രോഗം ബാധിച്ചതും വരുമാനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ വേണ്ടത്ര പരിപാലനം നടത്താത്തതും ഉത്പാദനക്കുറവിനു കാരണമായിട്ടുണ്ട്.
കഴിഞ്ഞ ജനുവരി മുതലാണ് വെളിച്ചെണ്ണ, തേങ്ങാ വിലയിൽ വർധനവ് വന്നു തുടങ്ങിയത്. അടുത്തിടെയായി വില കുതിച്ചുയരുകയും ചെയ്തു. വില കൂടിയതോടെ ഉപഭോക്താക്കള്‍ വെളിച്ചെണ്ണ വാങ്ങുന്നതിന്റെ അളവു കുറച്ചിട്ടുണ്ട്. വെളിച്ചെണ്ണ ഉപയോഗം വീടുകളില്‍ കുറഞ്ഞിട്ടുണ്ട്.
അതേസമയം, വിലക്കയറ്റത്തിന്റെ മറവിൽ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ സുലഭമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് മായം ചേര്‍ത്ത വെളിച്ചെണ്ണ കണ്ടെത്തുന്നതിനു പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.